09:57pm 22 September 2026
NEWS
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
05/08/2025  02:16 PM IST
nila
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എഴുപത്തൊൻപതാമത്തെ വയസിലാണ് അന്ത്യം.  ഉത്തർപ്രദേശിലെ ബാഘ്പതിൽനിന്നുള്ള ജാട്ട് നേതാവായ സത്യപാൽ മാലിക് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. 

1974ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടി ടിക്കറ്റിലാണ് അദ്ദേഹം ആദ്യം എംഎൽഎയാകുന്നത്. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദളിൽ ചേർന്ന അദ്ദേഹം ലോക്സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്കും സത്യപാൽ മാലിക് കൂടുമാറി. 2017ൽ ബിഹാർ ഗവർണറായി മാലിക്കിനെ നിയമിച്ചു. തുടർന്ന് ഒഡീഷയുടെ അധിക ചുമതലയും നൽകി. 2018 ഓഗസ്റ്റിലാണ് ജമ്മു കശ്മീർ ഗവർണറാകുന്നത്. 

സത്യപാൽ മാലിക് ​ഗവർണറായിരിക്കെയാണ് ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതും ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചും കോൺഗ്രസിനെ പിന്തുണച്ചും സത്യപാൽ മാലിക് ബിജെപിയെ വെട്ടിലാക്കിയിരുന്നു. പുൽവാമയിൽ 2019 ഫെബ്രുവരിയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ മരണത്തിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ സത്യപാൽ മാലിക് രംഗത്തെത്തി.

കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം മോദിയോടു ചൂണ്ടിക്കാട്ടിയപ്പോൾ തൽക്കാലം മിണ്ടാതിരിക്കാനാണു മറുപടി ലഭിച്ചതെന്നും സത്യപാൽ ആരോപിച്ചു. കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചും സത്യപാൽ മാലിക് ബിജെപിയെ പ്രതിരോധത്തിലാക്കി. മേഘാലയ ഗവർണറായിരിക്കുമ്പോഴാണ് സത്യപാൽ കർഷക സമരത്തിനും ഭാരത് ജോഡോ യാത്രയ്ക്കും പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയത്. 600 പേർ രക്തസാക്ഷിത്വം വരിച്ച ഇത്ര വലിയ പ്രക്ഷോഭം അടുത്തകാലത്തുണ്ടായിട്ടില്ലെന്നും ഒരു മൃഗം മരിച്ചാൽ പോലും ഡൽഹി നേതാക്കൾ അനുശോചന സന്ദേശമയയ്ക്കും. എന്നാൽ, ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നുമാണ് മാലിക് കർഷക സമരത്തെക്കുറിച്ച് പറഞ്ഞത്. ഭാരത് ജോ‍ഡോ യാത്ര പുതിയ തുടക്കമാണെന്നും മാലിക് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img